ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി


ആധുനിക ലോകത്ത് വളരെയധികം ചർച്ചകളും പരീക്ഷണങ്ങളും നടക്കുന്ന സർവ്വപ്രധാനമായ ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. പഴയ കാല ഗുരുകുല സംമ്പ്രദായം മുതൽ ഏറ്റവും ആധുനികമായ വിദ്യാഭ്യാസ സംമ്പ്രദായങ്ങൾ വരെ ഇന്നും പലയിടങ്ങളിലായി പിന്തുടരപ്പെടുന്നു. 1940 കളിൽ ജപ്പാനിൽ നിലനിന്നിരുന്ന, സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന റ്റോമോഗ്വെൻ എന്ന വിദ്യാലയത്തെയും അതിന്റെ സ്ഥാപകനായ കൊബായാഷി മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനെയും പരിചയപ്പെടുത്തുന്ന, ബെസ്റ്റ് സെല്ലർ ആയ ഒരു കൃതിയാണ് -ടോടോചാൻ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി എന്ന പുസ്തകം. റ്റോമോഗ്വെന്നിലെ പൂർവ വിദ്യാർഥി കൂടിയായ, യുനിസെഫിന്റെ ഗുഡ്വിൽ അമ്പാസിഡർ ആയിരുന്ന തെത്സുകോ കുറോയാനഗി എന്ന ടോടോചാൻ ആണ് പുസ്തകത്തിന്റെ രചയിതാവ്. ഇതിറങ്ങിയ വർഷം ജപ്പാനിലും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും ബെസ്റ്റ് സെല്ലറായിരുന്നു പുസ്തകം.

ടോടോചാൻ ഒരു സാങ്കൽപ്പിക കഥയല്ല, ആത്മകഥയാണ്..
ടോടോചാൻ എന്ന പെൺകുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട റ്റോമോഗ്വെന്നിലെ നൈസർഗികമായ അതിലേറെ അസൂയാവഹമായ പഠനാനുഭവങ്ങളുടെ ഒരു ലിഖിതാവിഷ്കാരം.
"ടോകിയോയ്ക്ക് തെക്കു പടിഞ്ഞാറ് ജിയുഗാകൊ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് മിനിറ്റ് നടന്നാൽ ഞങ്ങളുടെ പഴയ റ്റോമോഗ്വെന്നായി" -ഒരു മാതൃക വിദ്യാലയം.

നാലുചുമരുകൾക്കുളളിൽ സിലബസാകുന്ന ബാലികേറാമല കടക്കുക എന്ന ലക്ഷ്യത്തിനിടയിൽ ഒരേ താളുകൾ മറിച്ചിട്ട പോലെ തോന്നുന്ന വിരസമായ  നമ്മുടെ ബാല്യങ്ങൾക്ക് കൊതിയൂറുന്ന ഒരു അനുഭവമായിരിക്കും ടോടോചാൻ  എന്ന പുസ്തകം

റ്റോമോഗ്വെന്നിലെ പഠന രീതികൾ മാത്രമല്ല  അതിനെ വ്യത്യസ്തമാക്കുന്നത്.തീവണ്ടി മുറികൾ പോലുള്ള ലളിതവും എന്നാൽ കുഞ്ഞു മനസ്സുകൾക്ക് ആസ്വാദ്യകരവുമായ സജ്ജീകരണങ്ങളും അതിന്റെ ഭാഗമാണ്. നിഷ്കളങ്കതയും ,ലാളിത്യവും ഉറവ വറ്റാതെ ഒഴുകുന്ന കുഞ്ഞു മനസ്സുകൾക്കുൾകൊള്ളാൻ പാകമായ നിർമ്മാണം.




ടോടോചാൻ വികൃതിയുടെ പര്യായമായിരുന്നുഅമിതമായ ജിജ്ഞാസക്ക് പുറത്ത് അവൾ ചെയ്യുന്ന പലകാര്യങ്ങളും വലിയ ആപത്തിലേക്കാവും എത്തുക.എന്നാലും സൊസാകൂ കൊബയാഷി മാസ്റ്റർ അവളോട് ഇടക്കിടക്ക് പറയുമായിരുന്ന്രേത
"ദേ ..നേരായിട്ടും നീ  ഒരു നല്ല കുട്ടിയാ "
അതേ ഞാനൊരു നല്ല കുട്ടിയാ..അവൾ ഉറച്ച് വിശ്വസിച്ചു.

ഒന്നാം ക്ലാസിൽ നിന്നു തന്നെ രണ്ട് സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെട്ട ടോടോചാന് ,അവളെ മനസ്സിലാക്കുന്ന ഒരിടം ആണ് ഉചിതം എന്ന് അമ്മ തിരിച്ചറിഞ്ഞു.
അങ്ങനെയാണവൾ റ്റോമോയിൽ എത്തുന്നത്.
പരാതിയുടെ കണക്കു പുസ്തകം ഒരു മുഖവുരയും കൂടാതെ അധ്യാപിക തുറന്നുകാട്ടിയപ്പോഴും ,അവൾ പുറത്താക്കപ്പെട്ടതാണ് എന്ന് അമ്മ അവളോട് പറഞ്ഞില്ല." പ്രായത്തിൽ അപകർഷത തോന്നാൻ പാടില്ല.,അവൾ വളരട്ടെ.."ആശങ്ക നിറഞ്ഞതാണേലും എത്ര പക്വ മായ സമീപനം.

സൊസാകൂ കൊബായാഷി തന്റെ  റ്റോമോഗ്വെന്നിൽ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം പരമ പ്ര ധാനമായി കണ്ടു.
" കുറച്ചുപേർ മാത്രം അടങ്ങിയ ക്ലാസ് മുറി ,കുട്ടികളുടെ വ്യക്തിത്വവും ,ആത്മ ബോധവും വികസിക്കത്തക്കവിധം സ്വതന്ത്രമായ പാഠ്യ പദ്ധതികൾ,സവാരികൾ ,സസ്യ ശേഖരണം,ചിത്രരചന,ഗാനാലാപനം...."തുടങ്ങി സമാനതകളില്ലാത്ത പാഠ്യ- പാഠ്യേതര രീതികൾ.

റ്റോമോയിലെ ആദ്യ ദിനം തന്നെ നാല് മണിക്കൂർ തുടർച്ചയായി തന്നെ കേട്ടിരുന്ന ഹെഡ്‌മാസ്റ്ററെ  അവൾക്ക് നന്നേ ബോധിച്ചു.

എല്ലാ കുട്ടികളേയും ഒരുപോലെ പരിഗണിക്കാൻ മാസ്ററർ മറന്നില്ല.നവംബറിൽ നടക്കുന്ന കായിക മേള ഒരു വിസ്മയം തന്നെ.ഇതര എലിമെന്റെറി സ്കൂകളിലേതിന് തുല്ല്യമായ രണ്ട് മത്സരയിനങ്ങൾ മാത്രമാണ് റ്റോമോ യിലുള്ളത്.ബാക്കിയെല്ലാം മാസ്റററുടെ കണ്ടുപിടുത്തങ്ങൾ.

കായിക മേളയുടെ ദിനങ്ങളെ "തകായാഷി" യുടെ ദിനം എന്നും  പറയാം.അവനായിരുന്നു താരം.പോളിയോ ബാധിച്ച് വളർച്ച കുറഞ്ഞ ശരീരമായിരുന്നു അവന്.എന്നാൽ കായിക മേളയിലെ കേമൻ അവൻ തന്നെ .അവനെ വെല്ലാൻ ആർക്കും കഴിഞ്ഞില്ല.തകായാഷിയുടെ വിജയത്തിനു വേണ്ടിത്തന്നെ ഏകപക്ഷീയമായി അദ്ദേഹം കണ്ടുപിടിച്ചതാകാം റ്റോമോയിലെ   പ്ര ത്യേക തരം ഇനങ്ങൾ. ദുർബലമായ ശരീരത്തിന് കരുത്തുള്ള മനസ്സുണ്ടാക്കിക്കൊടുക്കുക, മാസ്ററർ അതിൽ വിജയിച്ചു.
കുട്ടികളെ, അവരുടെ സഹജ വാസനകളെ, അവയെ വളർത്താനാവിശ്യമായ ചുറ്റുപാടുകളെ കുറിച്ച് കൃത്യവും വ്യക്തവുമായ ധാരണകളുള്ള ഒരധ്യാപകനാണ് കൊബായാഷി മാസ്റ്റർ എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതൊക്കെ.

അദ്ദേഹം അവരുടെ നൈസർഗികതയ്ക്ക്  ഒരുപാട് വില കൽപിച്ചു.കുഞ്ഞുങ്ങളുടെ വ്യക്തിത്വം പരമാവധി അതുപോലെ തന്നെ വികസിക്കണം എന്ന് ആശിച്ചു.അതുകൊണ്ട്  റ്റോമോയിലെ ഓരോ വിനോദങ്ങൾക്കും പ്ര കൃതിയുടെ താളവും,ലയവും ഉണ്ട്.
ഇടിവെട്ടി മലയിടുക്കിലെ തുറന്ന പാചക ശാലയും,നവംബറിലെ കായിക മേളയും ,പേടിയില്ലാ പരീക്ഷയും ,ചുടു നീരുറവയിലെ നീന്തലും അങ്ങനെ നീണ്ടു കിടക്കുന്നു അവിടുത്തെ സവിശേഷമായ പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി പഠിപ്പിക്കാൻ വന്ന "കൃഷിമാഷും" ആശ്ചര്യം തന്നെ.നാലുമുറി ചുവരുകൾക്കുള്ളിൽ  നിന്ന് കൃഷി പാഠങ്ങൾ പഠിച്ച അനുഭവമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തൂമ്പ പിടിച്ച തഴമ്പു മാത്രമായിരുന്നു യോഗ്യത. സരസമായി കൃഷിപാഠങ്ങൾ പകർന്നു നൽകാൻ അതാണ് ഏറ്റവും അനുയോജ്യമെന്ന് മാസ്റ്ററിന് തോന്നിയിരിക്കണം.

മാനസികാരോഗ്യത്തോടൊപ്പം ,ശാരീരികാരോഗ്യത്തിനും വലിയ പ്രാധാന്യമാണ്  റ്റോമൊ നൽകിയത്.-"കടലിൽ നിന്നൊരു പങ്ക് ,കരയിൽ നിന്നൊരു പങ്ക്-നിയന്ത്രിതമായ പോഷകാഹാരത്തെയാണ് മാസ്റ്റർ അങ്ങനെ വിശേഷിപ്പിച്ചത്.
എത്ര ലളിതമായാണ് മാസ്റ്റർ ഓരോ കാര്യവും അവതരിപ്പിക്കുന്നത്..!

ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളുടെ മുഴുവൻ പാഠ ഭാഗങ്ങളും അന്നേ ദിവസം ക്ലാസാരംഭത്തിൽ തന്നെ ടീച്ചർ തയ്യാറാക്കി നൽകും.എന്നിട്ട് പ്രകാരം പറയും"ഓരോരുത്തരും ഇഷ്ട വിഷയങ്ങളിൽ നിന്ന് തുടങ്ങിക്കോളൂ"

നിശ്ചയിക്കപ്പെട്ട ഇരിപ്പിടമില്ല,സമയങ്ങളില്ല,-കുഞ്ഞുങ്ങളുടെ ഇച്ഛകളും,സ്വപ്നങ്ങളും ഉൾകൊള്ളാൻ പുസ്തകത്താളുകൾക്ക് വലുപ്പം തീരെ പോര എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
അതുതന്നെയാവണം ,അതിന്റെ ഇടുക്കിൽ നിന്നും  പ്രകൃതിയുടെ വിശാലതയിലേക്ക് അവരെ കൊണ്ടു പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്

ബാക്കിയെല്ലാവരും പഠിച്ചപ്പോൾ ,റ്റോമൊയിലെ കുട്ടികൾ ചെയ്തു പഠിച്ചു.

കുട്ടികളിലെ ചെറിയ കാര്യങ്ങൾ പോലും,സസൂക്ഷ്മം നിരീക്ഷിക്കുന്ന മാസ്റ്റർ, അധ്യാപകരിലെ വീഴ്ചകളെ ഗൗരവമായി കണ്ട് ശകാരിക്കുമായിരുന്നു.എന്നാൽ ,അതിലും മാസ്റ്റർ സ്വീകരിച്ച  ശൈലി മാതൃകാ വഹം തന്നെ. പാചകപ്പുരയിലെ മൂലയിൽ കോബായാഷി മാസ്റ്ററും അധ്യാപകനും തമ്മിലുണ്ടായ രഹസ്യമായ സംസാരം കേൾക്കാനിടയായ ടോടോ അത് കൃത്യമായി മനസ്സിലാക്കിയിരുന്നു.

എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്  നേരെ ഒരുപാട് ചോദ്യങ്ങൾ കൃതി അവശേഷിപ്പിക്കുന്നുണ്ട്.

വികൃതികളും കുസൃതികളും പ്രായത്തിന്റെ സവിശേഷതയായിക്കണ്ട് കുഞ്ഞുങ്ങളെ  ഉൾകൊള്ളാൻ മാത്രം   പാകമായിട്ടുണ്ടോ നിലവിലെ വിദ്യാഭ്യാസ രംഗം?
ആയിരുന്നെകിൽ ടോടോചാൻ ചെറുപ്രായത്തിൽ  തന്നെ പുറത്താക്കപ്പെടുമായിരുന്നോ?

പോളിയോ പിടിപെട്ട് ശരീരം ദുർബലമായിപ്പോയ "തകാഹാഷിയെ" ഒരു ജേതാവാക്കിയതിലെ  തന്ത്രം പ്രശംസനീയമാണ്,
എന്നാൽ ,അത്തരം വിദ്യാർത്ഥികൾ  പൊതുവിദ്യാഭ്യാസ മേഘലയിൽ അരികുവത്കരിക്കപ്പെടുന്നുണ്ടോ.?

അല്ലെങ്കിൽ  ആധുനിക വിദ്യാഭ്യാസ രംഗം വിജയികളിൽ മാത്രം  കേന്ദ്രീകരിക്കപ്പെടുന്നുണ്ടോ?

ചിന്തിക്കേണ്ടതുണ്ട്,    തുടക്കത്തിൽ പ്രതിപാതിച്ചതു പോലെ ഇതൊരൂ കെട്ടുകഥയോ,സാങ്കല്പിക കഥയോ അല്ല..
ഒരുപാട് നിരീക്ഷണങ്ങളിലൂടെ,പഠനഗവേഷണങ്ങളിലൂടെ സൊസൊകു കോബായാഷി എന്ന ഒരധ്യാപകന്റെ  സ്വപ്നസാക്ഷാത്കാ്രം ആണ് . യാഥാസ്ഥികമായ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നവരുടെ വിമർശനങ്ങളിൽ നിന്ന് റ്റൊമോ രക്ഷപ്പെട്ടിരുന്നില്ല.പക്ഷേ അവിടുത്തെ കുട്ടികളുടെ പൊട്ടിച്ചിരികളും കൈയടികളും ആഹ്‌ളാദങ്ങളും മാഷിനെ സംതൃപ്തനാക്കി.

ടൊകിയൊ നഗരം അമേരിക്കയുടെ ബോംബാക്രമണത്തിനിരയായ 1945 റ്റോമൊയും കത്തിയെരിഞ്ഞു,അപ്പോൾ തന്റെ മകനോട് അദ്ദേഹം ചോദിച്ചു."ഇനി ഏതു തരത്തിലുള്ള സ്കൂളാണ് നാം നിർമ്മിക്കാൻ പോകുന്നത്."
പക്ഷേ തന്റെ മാതൃകാ വിദ്യാലയം പുനസ്ഥാപിക്കാനാവാതെ 69-ആം വയസ്സിൽ അദ്ദേഹം യാത്രയായി.

തന്റെ ഒാർമ്മകൾ എഴുതി അവസാനിപ്പിക്കാൻ, യുനിസെഫിന്റെ ഗുഡ് വിൽ അംബാസിടറായ തെത്സുകൊ കുറയോനഗിക്ക് പുസ്തക ത്താളിന്റെ വലുപ്പം വളരെ ചെറുതിയിരുന്നു..
ടോടൊ ഒരിടത്ത് പറയുന്നുണ്ട് നടപ്പിലാക്കാൻ കഴിയാതെ പോയ ഒരു വാക്ക് പാലിക്കാനാണ് താൻ ഇതെഴുതുന്നത്. വലുതാവുമ്പോൾ ടോമോയിൽ പഠിപ്പിക്കാൻ വരാം എന്ന് കൊബായാഷി മാസ്റ്റർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ടോടോ തയ്യാറായിരുന്നു എങ്കിലും ടോമോ ബാകിയില്ലായിരുന്നു.അതു കൊണ്ട് കൊബായാഷി മാസ്റ്ററെ പറ്റിയും അദ്ദേഹത്തിന്റെ ആശയങ്ങളെയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് പുസ്തകത്തിലൂടെ തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു. ക്രെഡിറ്റുകൾക്കും ഗ്രേഡുകൾക്കും പിന്നാലെ പായാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്ന ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾക്കും സങ്കേതങ്ങൾക്കുമെതിരെയുള്ള ശക്തമായ വിമർശനമാണ് ടോടോ ചാൻ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി എന്ന ആത്മകഥാപരമായ പുസ്തകം

#കുഞ്ഞോളങ്ങൾ

Comments

Post a Comment

Popular posts from this blog

നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...