കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...
![]() | |
| ഒരു സങ്കീർത്തനം പോലെ എന്ന നോവലിൻറെ കവർ |
ഒരു നോവൽ കൂടി വായിച്ചു ..
"ഒരു സങ്കീർത്തനം പോലെ", പെരുമ്പടവം ശ്രീധരൻ ദസ്തയേവ്സ്കി എന്ന മഹാനായ എഴുത്തുകാരനെ കഥാപാത്രമാക്കി എഴുതിയ മനോഹരമായ ഒരു നോവൽ.
ജീവിതത്തിൽ ഇരുപത് വർഷങ്ങൾ പിന്നിട്ട ഞാൻ വായിച്ചു പൂർത്തിയാക്കിയ മൂന്നാമത്തെ നോവലാണിതെന്നു പറയുമ്പോൾ , ഓർമ്മപ്പിശകാണെന്ന് തോന്നരുത്..
എഴുത്തുകാരൻ അനുവാചക ഹൃദയങ്ങളിൽ
വരച്ചിടുന്ന ജീവസ്സുറ്റ ചിത്രങ്ങൾ , രൂപങ്ങൾ , അവയ്ക്കുണ്ടാവുന്ന ഭാവ മാറ്റങ്ങൾ, വർണ്ണങ്ങൾ ഇവയെല്ലാം ആ കൈകളിലെ തൂലിക കൊണ്ട് മാത്രം സാധ്യമാവുന്നു..
അവ ഹൃദയത്തിലുണ്ടാക്കുന്ന സ്വാധീനങ്ങൾ അത്ര പെട്ടെന്ന് മറക്കാനാവുമെന്ന് ഞാൻ കരുതുന്നില്ല.
ഇതിലെ വരികൾക്ക് പച്ചമനുഷ്യൻ്റെ ഗന്ധമുണ്ട്.
അവൻറെ ഉള്ളിലെ രക്തം കിനിയുന്ന മുറിവുകളും ജീവിക്കാൻ പ്രേരിപ്പിക്കുന്ന കിനാക്കളും പ്രണയവും വർണ്ണനകൾ കൊണ്ട് മറയിടാതെ ആവിഷ്കരിക്കുകയാണ് പെരുമ്പടവം..
ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഉന്മാദത്തിൻറെ കയറ്റിറക്കങ്ങൾ വാക്കുകൾ വളച്ചൊടിക്കാതെ ഈ നോവൽ നമ്മോട് സംവദിക്കുന്നു.
വായനക്കാരിലെ മനുഷ്യൻ സ്പന്ദിച്ചു തുടങ്ങിയിരിക്കണം.
ഉള്ളിൻറെ ഉള്ളിൽ നാമോരോരുത്തരും കുഴിച്ചു മൂടാൻ ശ്രമിക്കുന്ന ഉന്മാദ കണികകൾ അവയുടെ അസ്ഥിത്വം വീണ്ടെടുക്കാൻ ശ്രമിക്കുന്നതാവണം.
ഏതായാലും"ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതിൽ യാതൊരപാകതയും ഈ നോവൽ വായിക്കുന്ന വായനക്കാരന് തോന്നാൻ ഇടയില്ല..
പ്രസിദ്ധനായ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയെ ഇതിനകം
ഒരുപാടാളുകൾ എഴുതിയിട്ടുണ്ട്..
മദ്യപാനിയെന്നും ചൂതാട്ടക്കാരനെന്നും അസന്മാർഗിയെന്നും പരിചയപ്പെടുത്തുന്ന അത്തരം എഴുത്തുകളെ തിരുത്തി വായിക്കാൻ ദസ്തയേവ്സ്കിയുടെ "കുറ്റവും ശിക്ഷയും" ,"ഭൂതാവിഷ്ടർ","ഇടിയറ്റ്","കാ രമസോവ് സഹോദരന്മാർ" ഒക്കെ മതിയായവയായിരുന്നു പെരുമ്പടവത്തിന്.
ആത്മ സംഘട്ടനങ്ങളും ,വ്യാകുലതകളും ,ക്ലേശങ്ങളും സൃഷ്ടിക്കുന്ന മാനുഷിക ദൗർബല്ല്യങ്ങൾ, അങ്ങനെ തന്നെ മനസ്സിലാക്കണം..
ആൾകൂട്ടങ്ങളിൽ നിന്ന് അരികുവത്കരിക്കപ്പെടുന്നവർ ദൈവത്തോട് സംവദിക്കുന്നുണ്ടാവും,തന്നെ തന്നെ കുറ്റപ്പെടുത്തുന്നുണ്ടാവും ..
ചെയ്യുന്നത് പാപമെന്ന് സ്വയം അംഗീകരിക്കുന്നിടത്തോളം വിശുദ്ധിയുടെ തിരി അവിടെ തന്നെയുണ്ട്.സ്നേഹം കൊണ്ട് മാത്രം തെളിയിക്കാൻ കഴിയുന്ന തിരിനാളം.
കുറ്റപ്പെടുത്തലുകളും അവഗണനകളും ഇരുൾ വീഴ്ത്തിയ ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ സ്നേഹം കൊണ്ട് പ്രകാശം പരത്തുകയായിരുന്നു ഫെദോസ്യയും അന്നയും..
വാക്കുകൾ കൊണ്ട് മനുഷ്യ മനസ്സുകൾ കീഴടക്കിയ ഒരെഴുത്തുകാരന് സ്നേഹത്തിനും പരിഗണനക്കും ഇത്രത്തോളം ക്ഷാമമെങ്കിൽ സമൂഹം ഒറ്റപ്പെടുത്തുന്ന ഒരു സാധാരണക്കാരന്റ അവസ്ഥ എന്താവും!?..നാൽപതുകളിലും ഇരുപതുകാരിയുടെ സാന്ത്വനം സ്വന്തമാക്കാൻ കൊതി്ച്ചുപോയ ദസ്തയേവ്സ്കിയുടെ നിസ്സഹായത നമ്മോട് ചോദിക്കുന്നു.
ചൂതുകളിച്ച് തോൽവികൾ തുടരെ തുടരെ സംഭവിച്ചപ്പോഴും അപൂർവ്വമായുദിക്കുന്ന നക്ഷത്രങ്ങൾ പോലെ വന്നെത്തിയ നേട്ടങ്ങളിൽ ദസ്തയേവ്സ്കി പ്രതീക്ഷയർപ്പിച്ചു.
കാലിക്കീശയിൽ കടം നിറച്ച് വീണ്ടും വീണ്ടും കളിച്ച് തോൽക്കുന്നു.
![]() |
| ദസ്താവയോസ്കിയുടെ കാരമസോവ് സഹോദരങ്ങൾ എന്ന നോവൽ |
ചൂതുകളിയിലെ തെറ്റും ശരിയുമൊന്നും ഇവിടെ ചോദിക്കരുത്.
വന്യമായ മാനുഷിക സമീപനങ്ങളുടെ ഇരകൾക്ക് നമ്മുടെ ന്യായ പ്രമാണങ്ങൾ ബാധകമാണോ?!
പണവും പ്രതാപവുമുള്ള "അലൻസ്കി"യെ ദസ്തയേവ്സ്കി പച്ചപ്പുള്ള മനുഷ്യൻ എന്ന് പറയുന്നു.
എഴുത്തുകാരുടെ രക്തം ഊറ്റിക്കുടിക്കുന്ന "സ്റ്റെല്ലോവിസ്കി"യോടും അദ്ദേഹം മാന്യമായി പെരുമാറുന്നു
ഇല്ലായ്മയിലും ഉള്ളതെല്ലാം പണയപ്പെടുത്തി എമിലിയെയും പാഷയെയും സഹായിക്കുന്നു. ..
മുറിക്കുള്ളിൽ നടന്ന വാഗ്വാദങ്ങളിൽ ദസ്തയേവസ്കിയെ കവച്ച എമിലിയുടെയും പാഷയുടെയും ശബ്ദം ഒാർമ്മിപ്പിക്കുന്നതെന്താണ്.?
തെല്ലും വിശുദ്ധിയുടെ സാന്നിധ്യം ഇല്ലാത്ത മനസ്സിന് സാധ്യമാണോ ഇത്തരത്തിലുള്ള സമീപനങ്ങൾ..?
ദരിദ്രൻ,നിസ്സാരൻ ,നിന്ദ്യൻ ,കടക്കാരൻ,ചൂതുകളിക്കാരൻ ,കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ സ്നേഹിക്കുന്നവൻ,അസന്മാർഗ്ഗി അങ്ങനെ നീളുന്ന തലക്കെട്ടുകൾ അസ്വസ്ഥമാക്കിയ ജീവിതമാണ് ദസ്തയേവ്സ്കിയുടേത്.
പക്ഷേ ഓരോ തലക്കെട്ടിനു പിറകിലും നിന്നുകൊണ്ട് നിസ്സഹായതയോടെ കൈമലർത്തി അദ്ദേഹം ചോദിക്കുന്നു.
"ഉണ്ടായിരുന്ന സാമ്രാജ്യം വിറ്റ് അതിന്റെ പൊൻപണം മുഴുവനും കടലിലെറിഞ്ഞു കൊണ്ടാണോ ഞാൻ ദരിദ്രനും കടക്കാരനും ആയത് ?!
![]() |
| കുറ്റവും ശിക്ഷയും എന്ന നോവലിൻറെ കവർ |
നമ്മുടെ സമൂഹത്തിൽ ഒരാൾ നിന്ദ്യനാവുന്നത് എന്തുകൊണ്ടാണ്?!
ഇഷ്ടപ്പെട്ട കുലവും വീടും അച്ചനമ്മമാരേയും തിരഞ്ഞെടുക്കാൻ നമുക്ക് സ്വാതന്ത്രമുണ്ടോ!?
നമ്മൾ കാണുന്ന മാന്യൻമാരുടെ രഹസ്യമെന്താണ്.?എന്തുകൊണ്ടാണ് അവർ മാന്യൻമാരാവുന്നത്!?
യോഗ്യൻമാരുടെ കൂട്ടത്തിൽ ഞാൻ പിച്ചകളെ കണ്ടിട്ടുണ്ട്,സിംഹാസനത്തിൽ ഞാൻ കൊലയാളിയെയും ആഭാസൻമാരെയും ഭ്രാന്തൻമാരേയും കണ്ടിട്ടുണ്ട്.അതേ സമയം തെണ്ടികളുടെ വേഷത്തിൽ മഹാത്മാക്കളെയും കണ്ടിട്ടുണ്ട്.
ഓരോ നിലയിലും ഇരിക്കുന്നവർ അതിന് തക്ക യോഗ്യതയും വിലയുമുള്ളവരാണെന്ന് കരുതുന്നുണ്ടോ?!
അർഹിക്കുന്നവർക്കാണോ സ്ഥാനമാനങ്ങൾ ലഭിക്കുന്നത്?!
യാഥാർത്ഥ്യത്തിന് മേൽ കവചങ്ങളൊന്നും സൃഷ്ടിക്കാതെ അദ്ദേഹം ചോദിക്കുന്നു - നാമോരുരുത്തരുടേയും ഉള്ളിലുയരുന്ന ചോദ്യങ്ങൾ..
#കുഞ്ഞോളങ്ങൾ





'Oru sangeerthanam pole' varshangalkku munne njan aakamshayodum ishtathodum koode vaayichu theerthathanu.. inn ee cover vaayichappol athile oro page um enikk orma vannu.. ThanQ
ReplyDeleteനല്ല എഴുത്ത്.. keep going
ReplyDeleteനല്ല എഴുത്ത്. ഭാഷയുടെ മേലുള്ള കയ്യടക്കവും ഒതുക്കവും കാണാനുണ്ട്.. കുറച്ച് കൂടി ആഴത്തിൽ. അകക്കാമ്പുള്ള ആലോചനകളാൽ സമ്പന്നമാകട്ടെ ബ്ലോഗ് എന്നാശംസിക്കുന്നു
ReplyDeleteനല്ല എഴുത്ത്. ഭാഷയുടെ മേലുള്ള കയ്യടക്കവും ഒതുക്കവും കാണാനുണ്ട്.. കുറച്ച് കൂടി ആഴത്തിൽ. അകക്കാമ്പുള്ള ആലോചനകളാൽ സമ്പന്നമാകട്ടെ ബ്ലോഗ് എന്നാശംസിക്കുന്നു
ReplyDeleteനല്ല വാക്കുകൾക്ക് നന്ദി. ☺
DeleteThis comment has been removed by the author.
ReplyDeleteGood future ahead ✌️
ReplyDelete